Wednesday, August 24, 2011

സകാത്തുല്‍ ഫിത്വ്‌ര്‍

സകാത്തുല്‍ ഫിത്വ്‌ര്‍


റമദാന്‍ മാസത്തില്‍ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കേണ്ട ഒരു സകാത്ത്‌ ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്‌. അതാണ്‌ വ്രതസമാപന സകാത്ത്‌ അഥവാ സകാത്തുല്‍ ഫിത്വ്‌ര്‍.
``മുസ്‌ലിംകളിലെ അടിമകള്‍, സ്വതന്ത്രര്‍, പുരുഷന്മാര്‍, സ്‌ത്രീകള്‍, ചെറിയവര്‍, വലിയവര്‍ (എന്നീ വേര്‍തിരിവുകളില്ലാതെ) എല്ലാവരുടെ പേരിലും ഓരോ സ്വാഅ്‌ കാരക്കയോ ബാര്‍ലിയോ ഫിത്വ്‌ര്‍ സകാത്ത്‌ നല്‍കല്‍ ബാധ്യതയായി അല്ലാഹുവിന്റെ ദൂതര്‍(സ) നിര്‍ബന്ധമായി നിശ്ചയിച്ചിരിക്കുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന്‌ ആളുകള്‍ പുറപ്പെടുന്നതിനു മുമ്പായി അത്‌ നല്‍കണമെന്നും അദ്ദേഹം കല്‌പിച്ചിരിക്കുന്നു.'' (ബുഖാരി, മുസ്‌ലിം)
റമദാന്‍ അവസാനിക്കുന്നതോടെയാണ്‌ ഈ സകാത്ത്‌ നിര്‍ബന്ധമായിത്തീരുന്നത്‌. ഈദുല്‍ഫിത്വ്‌ര്‍ (ശവ്വാല്‍ ഒന്ന്‌) നമസ്‌കാരത്തിന്‌ പുറപ്പെടുന്നതോടെ അതിന്റെ സമയം അവസാനിക്കുകയും ചെയ്യുന്നു. ഹ്രസ്വമായ സമയപരിധിക്കുള്ളില്‍ അത്‌ പൂര്‍ണമായി നിര്‍വഹിക്കപ്പെടാന്‍ പ്രയാസമാണെങ്കില്‍ വ്രതസമാപനത്തിന്‌ രണ്ടോ മൂന്നോ ദിവസം മുമ്പായി അത്‌ കൊടുക്കുകയും ചെയ്യാം. ഇബ്‌നു ഉമര്‍(റ) പറയുന്നു: ``അവര്‍ (സ്വഹാബികള്‍) ഫിത്വ്‌ര്‍ സകാത്ത്‌ പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ്‌ നല്‍കാറുണ്ടായിരുന്നു.'' (ബുഖാരി)
സമ്പത്ത്‌ എന്ന അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചവര്‍ക്ക്‌ മാത്രം നിര്‍ബന്ധമാണ്‌ സാധാരണ സകാത്ത്‌. അതിന്‌ നിശ്ചിത പരിധിയും കൃത്യമായ തോതും കണക്കുമെല്ലാം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ സകാത്തുല്‍ ഫിത്വ്‌ര്‍ സമ്പത്തിന്റെ മാനദണ്ഡമനുസരിച്ചല്ല നല്‍കേണ്ടത്‌. കണക്കനുസരിച്ച്‌ തന്റെ സമ്പത്തിന്റെ സകാത്ത്‌ കൊടുത്തുതീര്‍ത്തവരും കണക്കനുസരിച്ച്‌ സകാത്ത്‌ കൊടുക്കാന്‍ മാത്രം സമ്പത്തില്ലാത്തവരും സകാത്തുല്‍ ഫിത്വ്‌ര്‍ കൊടുക്കേണ്ടതുണ്ട്‌. നിത്യവൃത്തിക്ക്‌ വകയില്ലാത്തവര്‍ മാത്രമേ ഇതിന്റെ നിര്‍ബന്ധ കല്‌പനയില്‍ നിന്ന്‌ ഒഴിവാക്കപ്പെടുകയുള്ളൂ.
മനുഷ്യസഹജമായ താല്‌പര്യം അംഗീകരിച്ചുകൊണ്ട്‌ അല്ലാഹു നിശ്ചയിച്ച ആഘോഷം എന്ന നിലയില്‍ പെരുന്നാളിന്റെ ആഹ്ലാദം പങ്കിടുവാന്‍ നിത്യവൃത്തിക്ക്‌ കഷ്‌ടപ്പെടുന്നവര്‍ക്കുപോലും സാധിക്കണമെന്നതാണ്‌ സകാത്തുല്‍ ഫിത്വ്‌ര്‍ കൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌. ജീവിതത്തില്‍ സൂക്ഷ്‌മത കൈവരിക്കാനും വന്നുപോയ പാളിച്ചകള്‍ക്ക്‌ പരിഹാരവും പ്രായശ്ചിത്തവുമായിക്കൊണ്ടുമാണ്‌ സത്യവിശ്വാസി വ്രതമനുഷ്‌ഠിക്കുന്നത്‌. നോമ്പുകാരന്‌ വീണ്ടും വിമലീകരണത്തിനുള്ള അവസരം കൂടിയാണ്‌ സകാതുല്‍ ഫിത്വ്‌ര്‍. ``അനാവശ്യമായ വാക്കും പ്രവൃത്തിയും മൂലം നോമ്പുകാരന്‌ വന്നുപോയ പിഴവുകളില്‍ നിന്ന്‌ അവനെ ശുദ്ധീകരിക്കാനും പാവങ്ങള്‍ക്ക്‌ ആഹാരത്തിനുമായി റസൂല്‍(സ) സകാത്തുല്‍ ഫിത്വ്‌ര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.'' (അബൂദാവൂദ്‌, ഇബ്‌നുമാജ)
കാരക്കയും ബാര്‍ലിയും മാത്രമല്ല നാട്ടിലെ പ്രധാന ആഹാര സാധനങ്ങളാണ്‌ ഫിത്വ്‌ര്‍ സകാത്തായി നല്‍കേണ്ടത്‌ എന്നാണ്‌ സ്വഹാബിമാരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: ``ഒരു സ്വാഅ്‌ ഗോതമ്പ്‌, അല്ലെങ്കില്‍ ഒരു സ്വാഅ്‌ ബാര്‍ലി, അല്ലെങ്കില്‍ ഒരു സ്വാഅ്‌ പാല്‍ക്കട്ടി, അല്ലെങ്കില്‍ ഒരു സ്വാഅ്‌ മുന്തിരി എന്നിങ്ങനെയായിരുന്നു ഞങ്ങള്‍ സകാത്തുല്‍ ഫിത്വ്‌ര്‍ കൊടുത്തുവന്നിരുന്നത്‌.'' (ബുഖാരി)
സകാത്തുല്‍ ഫിത്വ്‌ര്‍ അരി കൊടുക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആനിലോ ഹദീസിലോ പറഞ്ഞിട്ടില്ലെങ്കിലും നമ്മുടെ നാട്ടില്‍ അരിയാണ്‌ സകാത്തുല്‍ ഫിത്വ്‌ര്‍ നല്‍കേണ്ടതെന്ന കാര്യത്തില്‍ മുസ്‌ലിം സമൂഹത്തില്‍ രണ്ടഭിപ്രായമില്ല. അത്‌ മേല്‍പറഞ്ഞ ഹദീസുകളുടെ അടിസ്ഥാനത്തിലാണ്‌.

എങ്കിലും സകാത്തുല്‍ ഫിത്വ്‌ര്‍ സമൂഹത്തിനുപകരിക്കുംവിധം സംഘടിതമായി നിര്‍വഹിക്കാന്‍ എല്ലാ മുസ്‌ലിംകളും ഇനിയും തയ്യാറായിട്ടില്ലെന്നത്‌ ഖേദകരമാണ്‌.
സകാത്ത്‌ കൊടുക്കുന്ന വ്യക്തി തനിക്കും തന്റെ കീഴിലുള്ള കുടുംബത്തിനും വേണ്ടി അത്‌ നിര്‍വഹിക്കണം. ശവ്വാല്‍ ഒന്നിന്‌ കാലത്ത്‌ പിറന്ന കുഞ്ഞുള്‍പ്പെടെ ഒരാള്‍ക്ക്‌ ഒരു സ്വാഅ്‌ എന്ന തോതില്‍ ധാന്യം അയാള്‍ സകാത്ത്‌ സമിതിയെ ഏല്‌പിക്കണം. സ്വാഅ്‌ എന്നത്‌ നബി(സ)യുടെ കാലത്തെ അളവാണ്‌. മെട്രിക്‌ തൂക്കമനുസരിച്ച്‌ രണ്ടുകിലോഗ്രാമും ഏതാനും ഗ്രാമും ആണത്‌. ആയതിനാല്‍ ആളൊന്നിന്‌ രണ്ട്‌ കിലോഗ്രാം വീതം അരിയാണ്‌ നല്‍കേണ്ടത്‌. ശേഖരിച്ച സകാത്ത്‌ റമദാനിന്റെ അവസാനത്തെ ദിവസങ്ങളില്‍ തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക്‌ എത്തിച്ചുകൊടുക്കുക എന്നത്‌ സകാത്ത്‌ സമിതിയുടെ ബധ്യതയാണ്‌. ഒരുതരത്തില്‍ സമുദായത്തിന്റെ നിര്‍ബന്ധിതമായ ഒരു റിലീഫ്‌ കൂടിയാണ്‌ സകാത്തുല്‍ ഫിത്വ്‌ര്‍.


No comments: