Sunday, October 02, 2011

ബുള്ളഷ് റാവുവിന്റെ അമ്മയോട് നാമെന്ത് പറയും?

ബുള്ളഷ് റാവുവിന്റെ അമ്മയോട് നാമെന്ത് പറയും?



കഴിഞ്ഞ ചൊവ്വാഴ്ച അത്ര പ്രാധാന്യത്തോടെയല്ലെങ്കിലും മലയാള പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയിതായിരുന്നു. ആലപ്പുഴ ജില്ലയിലെ പട്ടണക്കാടിന് സമീപം ഉഴുവ തറമൂട് റെയില്‍വേ ക്രോസിനടുത്ത ശ്രീകൃഷ്ണവിലാസം ഭജനമഠത്തിന്റെ നടപ്പന്തലിലെ മണിക്കയറില്‍ അര്‍ധരാത്രി ഒരു മുപ്പതുകാരന്‍ പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി ജില്ലയില്‍ നിന്നുള്ള ബുള്ളഷ് റാവു തൂങ്ങി മരിച്ചു. ഇദ്ദേഹം  ഈ സമയത്ത് എങ്ങനെ ഇവിടെയെത്തി എന്നല്ലേ? വിശദീകരിക്കാം. ചെങ്ങന്നൂരില്‍ നിര്‍മാണത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബംഗാളി സംഘത്തില്‍ പെട്ടയാളാണ് ബുള്ളഷ്. നാട്ടില്‍നിന്നെത്തിയ രണ്ട്  തൊഴിലാളി സുഹൃത്തുക്കളോടൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഉഴുവയില്‍ വെച്ച് ആള്‍ തീവണ്ടിയില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് തലക്ക് മുറിവുപറ്റി. അര്‍ധരാത്രി, തനിച്ച്, രക്തമൊലിക്കുന്ന ശരീരവുമായി  ആ യുവാവ് അടുത്തുള്ള വീട്ടില്‍ സഹായത്തിന് കയറി. അവര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, ബുള്ളഷിനെ പറഞ്ഞുവിട്ടു. ഭാഷയറിയാതെ, വഴി തിരിയാതെ ആ ചെറുപ്പക്കാരന്‍ വീണ്ടും നിരവധി വീടുകളില്‍ കയറി ദയ യാചിച്ചു നോക്കി. ആരും അര ഗ്ലാസ് പച്ചവെള്ളം പോലും അവന് നേരെ നീട്ടിയില്ല. അര്‍ധരാത്രി രക്തമൊലിപ്പിച്ചു നടക്കുന്ന ബുള്ളഷിന് നേരെ ഒരു പട്ടി കുരച്ച് വന്നപ്പോള്‍ അയാള്‍ അടുത്തുള്ള ഭജനമഠത്തില്‍ കയറി. അവിടെ തൂങ്ങിക്കിടക്കുന്ന മണിക്കയര്‍ അപ്പോഴാണയാള്‍ കാണുന്നത്. ഈ മനുഷ്യര്‍ക്കും പട്ടികള്‍ക്കുമിടയില്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കണ്ട് ആ ചെറുപ്പക്കാരന്‍ ഭക്തിയുടെ കയറില്‍ തന്റെ ജീവന്‍ അവസാനിപ്പിച്ചു. രംഗം നടക്കുമ്പോള്‍ മഠത്തിന് ചുറ്റും കണ്ടുനില്‍ക്കാന്‍ ആളുകളുണ്ടായിരുന്നു. ആരും 'അരുത്, ഞങ്ങളുണ്ടിവിടെ' എന്നു പറഞ്ഞതേയില്ല.

കായംകുളത്തുനിന്ന് ഞായറാഴ്ച ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ടിന്‍ഷീറ്റ് ഷെഡില്‍ താമസിക്കുന്ന ബംഗാളി തൊഴിലാളികള്‍ക്കുനേരെ പ്രദേശത്തെ ചില മാന്യന്മാര്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിന്റെ പേരുപറഞ്ഞ്, നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ച് മൃഗീയമായ ആക്രമണം അഴിച്ചുവിട്ടു. 15നും 30 വയസ്സിനുമിടയിലുള്ള 36 തൊഴിലാളികള്‍ ഇതെഴുതുമ്പോഴും ദേഹം മുഴുക്കെ മുറിവേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൊബൈല്‍ ഫോണല്ല, കരാറുകാര്‍ക്കിടയിലെ കുടിപ്പകയാണ് പാവപ്പെട്ട തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടതിന്റെ യഥാര്‍ഥ കാരണം. സ്ഥലത്തെ പ്രധാന മാന്യന്മാരാണ് ആക്രമണത്തിന് പിന്നിലെന്നത് കൊണ്ടുതന്നെ പൊലീസ് കാര്യമായ നടപടികള്‍ ഒന്നും ഇതുവരെയും എടുത്തിട്ടില്ല.
'അന്യസംസ്ഥാന തൊഴിലാളികള്‍' എന്നത് നമ്മുടെ ഭാഷയില്‍ അടുത്തിടെ വന്നുചേര്‍ന്ന ഒരു പ്രയോഗമാണ്. നമ്മുടെ ചെറുപ്പക്കാര്‍ നല്ലൊരു ശതമാനം വിദേശത്തുപോവുകയും ഇവിടെയുള്ളവര്‍ ശാരീരികാധ്വാനമുള്ള തൊഴില്‍ ചെയ്യുന്നത് മടിക്കുകയും ചെയ്തപ്പോഴാണ് അന്യസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ തൊഴില്‍ കമ്പോളത്തിലെ വലിയ സാന്നിധ്യമായത്. നമ്മുടെ നിര്‍മാണമേഖല ഇന്ന് മുന്നോട്ടുപോകുന്നത് പ്രധാനമായും ഇവരുടെ അധ്വാനശേഷിയുടെ ബലത്തിലാണ്. സാമാന്യം തരക്കേടില്ലാത്ത കൂലികിട്ടുന്നതുകൊണ്ട് അവരും സന്തോഷത്തോടെ തൊഴില്‍ ചെയ്യുന്നു. അങ്ങനെ, ഒഡിഷയിലെയും ബംഗാളിലെയും ബിഹാറിലെയും വിദൂര ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്ക് കേരളം എന്നത് അവര്‍ കണ്ടെത്തിയ 'ഗള്‍ഫ്' ആയി മാറി. ഒരു കാര്യമുറപ്പ്, നാളെ അവരെല്ലാം തിരിച്ച് വണ്ടി കയറിയാല്‍ കേരളത്തിന്റെ ഉല്‍പാദന, നിര്‍മാണമേഖല സ്തംഭിക്കും.
പക്ഷേ, ആ മനുഷ്യരെ മനുഷ്യരായി കാണാനുള്ള മാന്യത പുരോഗമന കേരളം കാണിക്കുന്നുണ്ടോ? അര്‍ധ മനുഷ്യരോ താഴ്ന്ന മനുഷ്യരോ ആയല്ലേ നാം പലപ്പോഴും അവരെ പരിഗണിക്കുന്നത്? ആസ്‌ട്രേലിയയിലെ  ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള വംശീയ വിവേചനത്തിനെതിരെ സായാഹ്ന ധര്‍ണ നടത്തുമ്പോഴും നമ്മുടെ ഉമ്മറത്തെ ബംഗാളിയോട് മാന്യമായി പെരുമാറാന്‍ മലയാളിക്ക് കഴിഞ്ഞില്ല. ഗര്‍വിന്റെയും അഹങ്കാരത്തിന്റെയും വ്യാകരണവും ശരീരഭാഷയുമാണ് നാം അവരോട് കാണിച്ചത്. ഗള്‍ഫിലും മറ്റും ഇതേപോലെ 'അന്യരാജ്യ' തൊഴിലാളികളായി ജീവിക്കുന്ന മലയാളി ചെറുപ്പക്കാര്‍ അയക്കുന്ന കറന്‍സിയുടെ ബലത്തിലാണ് നമ്മളീ അഹന്തകളൊക്കെയും കാണിക്കുന്നതെന്ന് നാം മറന്നുപോയി.
അന്യസംസ്ഥാന തൊഴിലാളികളോടുള്ള അയിത്ത മനോഭാവം മാത്രമല്ല, മറ്റൊരാളുടെയും പ്രശ്‌നത്തില്‍ ഇടപെടാനുള്ള മലയാളിയുടെ സന്നദ്ധതയില്ലായ്മ കൂടിയാണ് ബുള്ളഷിന്റെ മരണം വെളിവാക്കുന്നത്. വാഹനാപകടത്തില്‍ പെട്ട് നടുറോഡില്‍ രക്തമൊലിപ്പിച്ച് പിടയുന്നവനെ കൈപിടിച്ചുയര്‍ത്തുന്നതിനുപകരം, ആ രംഗം മൊബൈല്‍ കാമറയില്‍ ഒപ്പിയെടുക്കാന്‍ വെമ്പുന്ന മനസ്സ് മലയാളിയില്‍ വികൃതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍, എന്റെ കാര്യം എന്ന കുടുസ്സു ചിന്തയില്‍ എന്തേ നമ്മള്‍ മലയാളികള്‍ ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നരായ പുരോഗമന സമൂഹം പെട്ടുപോയി? ഒരിറക്ക് വെള്ളംപോലും കിട്ടാതെ വേദനകൊണ്ട് പുളഞ്ഞ്, മനോവേദനകൊണ്ട് തകര്‍ന്ന് ജീവിതമവസാനിപ്പിച്ച ബുള്ളഷിന്റെ ആത്മാവ് നമ്മളെക്കുറിച്ച് ഇപ്പോള്‍ എന്തു വിചാരിക്കുന്നുണ്ടാവും? കുടിലിലെ പട്ടിണിമാറ്റാന്‍ ആ ചെറുപ്പക്കാരനെ കണെ്ണത്താ വിദൂരതയിലേക്ക് പറഞ്ഞുവിട്ട ബുള്ളഷിന്റെ അമ്മ നാളെ ഇങ്ങോട്ടുവന്ന് എന്റെ മകനോട് നിങ്ങളെന്തേ ഇങ്ങനെ ചെയ്തുവെന്ന് ചോദിച്ചാല്‍, സത്യം, നമ്മളെന്താണ് മറുപടി പറയുക? വിദൂരദേശങ്ങളില്‍ തീര്‍ത്തും അന്യമായ സാഹചര്യങ്ങളില്‍ നമുക്ക് കഞ്ഞിയെത്തിക്കാന്‍ വേണ്ടി ചോരനീരാക്കി പണിയെടുക്കുന്ന നമ്മുടെ മക്കളോട്/അനുജന്മാരോട് അന്നാട്ടുകാര്‍ ഈ വിധം പെരുമാറിയാല്‍ അവര്‍ക്കുനേരെ വിരല്‍ചൂണ്ടാന്‍  നമുക്കെങ്ങനെ കഴിയും?
ബുള്ളഷിന്റെ മരണം ഒരു ചൂണ്ടാണി മാത്രമാണ്. നാം, മലയാളികള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്നതിന്റെ ഓര്‍മപ്പെടുത്തല്‍. ഈ അപരാധത്തിന് നാം കൂട്ടമായി മാപ്പുചോദിക്കുക. മുഖ്യമന്ത്രിതന്നെ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി ആ ചെറുപ്പക്കാരന്റെ കുടുംബത്തോട് ഖേദപ്രകടനം നടത്തുക. എങ്കില്‍ അതൊരു അനുഭവമായിരിക്കും. ജനങ്ങള്‍ക്കിടയില്‍ പുതിയൊരു അവബോധം സൃഷ്ടിക്കാന്‍ അതുപകരിക്കും. പൊങ്ങച്ചബോധം കുടഞ്ഞു തെറിപ്പിക്കാന്‍, സ്വന്തത്തെയും കടന്ന്  അപരനിലേക്ക് നീളാനുള്ള ചിന്ത അവനില്‍ കരുപ്പിടിപ്പിക്കാന്‍ അതുപകരിച്ചേക്കും.
ബുള്ളഷ്, നീ ഞങ്ങളോട് പൊറുക്കുക.
--



No comments: