Sunday, March 06, 2011

ഗദ്ദാമ : അറബിയെ വില്ലനാക്കി ഒരു മലയാള ചിത്രം

ഗദ്ദാമ : അറബിയെ വില്ലനാക്കി ഒരു മലയാള ചിത്രം

അമ്മാര്‍ കിഴുപറമ്പ്


പാസ്‌പോര്‍ട്ടും വിസയുമില്ലാതെ ചരക്ക്
കൊണ്ടുപോവുന്ന പായക്കപ്പലില്‍ ജീവന്‍ പണയപ്പെടുത്തി സഞ്ചരിച്ച മലയാളി
ചെറുപ്പക്കാരില്‍ ആയിരങ്ങള്‍ ഇന്നും ഗള്‍ഫിലും കേരളത്തിലുമായി
ജീവിക്കുന്നുണ്ട്. ഭാഷയും വേലയും അറിയാതെ കടല്‍ കടന്ന് അറബ് മരുഭൂമിയില്‍
ചെന്നിറങ്ങിയ അവരില്‍ പലരും പ്രവാസത്തിന്റെ അരനൂറ്റാണ്ട്
പിന്നിട്ടിരിക്കുന്നു. തങ്ങളുടെ രാജ്യത്തേക്ക് ഒരു രേഖയുമില്ലാതെ കള്ളവണ്ടി
കയറി വന്നവരെ ഒരു അറബി പോലിസും വെടിവച്ചുകൊന്നതായോ കല്‍തുറുങ്കിലടച്ച്
തൂക്കിക്കൊന്നതായോ നാളിതുവരെ കേട്ടിട്ടില്ല. അതിര്‍ത്തി കടന്നെത്തിയ
വിദേശികളെ സഹോദരന്മാരായി കണ്ട് അന്നവും അഭയവും നല്‍കുകയായിരുന്നു അറബികള്‍.

കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചലച്ചിത്രം പ്രവാസചരിത്രത്തിന്റെ
താഴ്‌വേരുകള്‍ തേടി അല്‍പ്പമെങ്കിലും സഞ്ചരിക്കാന്‍
പ്രേരിപ്പിക്കുന്നുണ്ട്.
പൊട്ട് തൊട്ട്, തലമറയ്ക്കാതെ വന്നിറങ്ങിയ
പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ പാസ്‌പോര്‍ട്ട് പരിശോധികയായ വനിത
ക്രൂരമായാണ് നോക്കുന്നത്. ദേഷ്യത്തോടെ പാസ്‌പോര്‍ട്ടില്‍ സീല്‍
പതിക്കുന്നു. ചിത്രത്തിലുടനീളം അറബികളെ പെണ്ണുപിടിയന്മാരും ക്രൂരന്മാരുമായി
ചിത്രീകരിക്കുകയാണ്. കാവ്യാ മാധവന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയ
കഥാപാത്രമാണ് അശ്വതി. അറബിവീട്ടില്‍ ജോലിക്കെത്തുന്ന സ്ത്രീകളെയാണ് ഗദ്ദാമ
എന്നു വിളിക്കുന്നത്. ഈ ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്നത് ഗള്‍ഫിലെ
സ്ത്രീതൊഴിലാളികളുടെ ദുരിതപര്‍വമാണ് (അത്തരമൊരു ശ്രമം
ചിത്രത്തിലില്ലെങ്കിലും). കുറഞ്ഞ വേതനത്തിന് അടിമകളെപ്പോലെ അറബിവീട്ടില്‍
ജീവിക്കേണ്ടിവരുന്ന സ്ത്രീതൊഴിലാളികളുടെ ദൈന്യതയിലേക്കാണ് കാമറ
കടന്നുചെല്ലുന്നതെങ്കിലും ചിത്രം ആ വിഷയത്തേക്കാള്‍ സംസാരിക്കുന്നത് അറബ്
ജനതയെക്കുറിച്ചാണ്. അശ്വതിയെന്ന മലയാളി അമുസ്‌ലിം പെണ്‍കുട്ടിയുടെ
പാസ്‌പോര്‍ട്ട് സൗദി എയര്‍പോര്‍ട്ടില്‍ വച്ചു പരിശോധിക്കുന്ന രംഗത്തോടെയാണ്
ചിത്രം ആരംഭിക്കുന്നത്.

ചിത്രത്തിലൊരിടത്തും അറബികളെ വെറുതെവിട്ടിട്ടില്ല കമല്‍. മലയാളി ഡ്രൈവറും
ഇന്തോനീസ്യക്കാരി ഗദ്ദാമയും അവിഹിത ബന്ധത്തിലേര്‍പ്പെട്ടതറിഞ്ഞതോടെയാണ്
അറബി പീഡനമുറകള്‍ ആരംഭിച്ചത്. ആ വീട്ടില്‍ നിന്ന് ഇരുവരും രക്ഷപ്പെട്ടത്
അശ്വതിയുടെ അറിവോടെയാണെന്നു പറഞ്ഞ് കഥാനായികയുടെ നേരെ അറബിയും കുടുംബവും
തിരിയുന്നു. തന്റെ കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കിയ ജീവനക്കാരെ
പോലിസിലേല്‍പ്പിക്കാതെ അറബി ബെല്‍റ്റ് കൊണ്ട് അടിക്കുന്നു. വീട്ടിലുള്ള
മന്ദബുദ്ധിയായ അറബി ചെറുക്കനാവട്ടെ കിട്ടുന്നിടത്തുവച്ചെല്ലാം അശ്വതിയെ
ദേഹോപദ്രവമേല്‍പ്പിക്കുന്നു. 65 പിന്നിട്ട കിളവന്‍ അറബിപോലും
ലൈംഗികചുവയോടെയാണ് അവളെ നോക്കുന്നത്. സഹികെട്ട് വീട്ടില്‍ നിന്ന്
ഒളിച്ചോടുന്ന അശ്വതി ഏറെനാളത്തെ അലച്ചിലിനൊടുവില്‍ എത്തിപ്പെടുന്നതും
അറബികളുടെ കൈകളില്‍. മരുഭൂമിയില്‍ ആടിനെ വളര്‍ത്തുന്ന അറബികള്‍ തങ്ങളുടെ
വാഹനത്തില്‍ കയറ്റി അശ്വതിയെ ഫാമിലെത്തിക്കുന്നു. അന്നു രാത്രി അവളെ
ശാരീരികമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. മലയാളി ആട്ടിടയന്റെയും
ഡ്രൈവറുടെയും അവസരോചിത ഇടപെടലാണ് ആ കാമഭ്രാന്തന്മാരില്‍ നിന്ന് അശ്വതിയെ
രക്ഷപ്പെടുത്തുന്നത്. ബഷീര്‍ എന്ന ആട്ടിടയന്‍ ഇതിന്റെ പേരില്‍ ക്രൂരമായി
പീഡിപ്പിക്കപ്പെടുന്നു. മണ്‍വെട്ടി കൊണ്ട് അവര്‍ ബഷീറിനെ
അടിച്ചുകൊല്ലുന്നു. ഇങ്ങനെ ചിത്രത്തിലുടനീളം അറബി എന്ന വില്ലന്‍
നിറഞ്ഞുനില്‍ക്കുന്നു. സിനിമ കണ്ടിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് ഒരു
അമുസ്‌ലിം സ്ത്രീ പറയുന്നതു കേട്ടു ''വല്ലാത്തൊരു ദുഷ്ടന്മാരാണല്ലേ ഈ
അറബികള്‍?'' ഗദ്ദാമ എന്ന കമല്‍ചിത്രം നല്‍കുന്ന സന്ദേശവുമിതാണ്. എത്ര
നീചന്മാരാണീ അറബികള്‍.

തന്നെ കൊണ്ടുവന്ന മലയാളിയുടെ അടുത്തെത്തിച്ചാല്‍ മതിയെന്നാണ് ആട്ടിടയനായ
ബഷീറിനോടും ഡ്രൈവറോടും അശ്വതി പറഞ്ഞത്. പക്ഷേ, അയാള്‍ ഏറ്റെടുത്തില്ല.
അവസാനം ഡ്രൈവര്‍ ഭക്ഷണവും വസ്ത്രവും നല്‍കി തന്റെ ചെറിയ മുറിയില്‍ അശ്വതിയെ
കിടത്തി പുറത്ത് വണ്ടിയില്‍ കാവല്‍ കിടക്കുന്നു. പുരുഷന്മാര്‍
താമസിക്കുന്നിടത്ത് സ്ത്രീയെ കണ്ടപ്പോള്‍ പോലിസ് ഇരുവരെയും പൊക്കുന്നു. 300
അടിയും മൂന്നുമാസം തടവും ശിക്ഷ വിധിക്കുന്നു, കോടതി. ചൂരല്‍ കൊണ്ട്
അശ്വതിയുടെ ശരീരത്തില്‍ അടിശിക്ഷ നടപ്പാക്കുന്ന ഒരു രംഗമുണ്ട്
ചിത്രത്തില്‍. ''ശരീഅത്ത് നിയമം ഇങ്ങനെയൊക്കെയാണ്'' എന്നു
സാമൂഹികപ്രവര്‍ത്തകനായ റസാഖിനെക്കൊണ്ട് പറയിപ്പിക്കുമ്പോള്‍ മാത്രമാണ്
കമല്‍ ഈ ചിത്രത്തിലൂടെ പറയാതെ പറഞ്ഞതെന്താണെന്ന് നമുക്കു ബോധ്യമാവുക.

കമല്‍ ഒരുക്കിയ ഗദ്ദാമ ഒരു മലയാള ചിത്രമാണെങ്കിലും ആ ചിത്രത്തിന് ഒരുപാട്
ഹൃദയങ്ങളെ മുറിപ്പെടുത്താന്‍ കഴിയുമെന്നതില്‍ സംശയമില്ല. ഒരു മുസ്‌ലിം
പശ്ചാത്തലത്തിലുള്ള കഥ പറഞ്ഞാല്‍ ഗദ്ദാമ ശ്രദ്ധിക്കപ്പെടുകയില്ലെന്നും
നിര്‍മാതാവ് കുത്തുപാളയെടുക്കുമെന്നും കമലിനു നന്നായറിയാം. അതുകൊണ്ടു
തന്നെയാണ് അശ്വതിയെന്ന പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ മുഖമക്കനയിട്ട്
പൊട്ട് മായ്പ്പിച്ച് കൊണ്ടുവന്നത്. അറബി ഒരു മുസ്‌ലിം ഗദ്ദാമയോടാണ് ഈ
ക്രൂരതകളത്രയും നടത്തിയതെങ്കില്‍ ഹൈന്ദവജനതയ്ക്ക് അറബികളോട് ഇത്ര വിരോധം
ജനിക്കുമായിരുന്നില്ല. ഭര്‍ത്താവ് മരണപ്പെട്ടതോടെ രണ്ടു കുടുംബങ്ങളുടെയും
ഭാരം ചുമലിലായ അശ്വതിയെന്ന മലയാളിപെണ്‍കുട്ടി പ്രാരാബ്ധങ്ങളില്‍ നിന്നുള്ള
മോചനത്തിനാണ് അറബിവീട്ടിലെ എച്ചില്‍പ്പാത്രം വൃത്തിയാക്കാന്‍
ഇറങ്ങിത്തിരിച്ചത്. ഗദ്ദാമകളായി ജീവിക്കുന്ന ലക്ഷക്കണക്കിനു സ്ത്രീകളുടെ
ദുരിതത്തിലേക്കും ആ തൊഴിലിടത്തില്‍ നടക്കുന്ന മനുഷ്യാവകാശധ്വംസനത്തിലേക്കും
തുറക്കേണ്ടിയിരുന്നു കമലിന്റെ കാമറക്കണ്ണുകള്‍. പക്ഷേ, ഗദ്ദാമ
പറയാനുദ്ദേശിച്ചത് അതാണെങ്കിലും പറഞ്ഞുവന്നപ്പോള്‍ സംഭവിച്ചത്
അറബ്‌വിരോധമായെന്ന് മാത്രം.

കുറഞ്ഞ വേതനത്തിനു തൊഴിലെടുക്കുന്നവരാണ് ഗദ്ദാമമാര്‍.
ഒഴിവുദിവസങ്ങളില്ലെന്നു മാത്രമല്ല, രാത്രിയില്‍ ഉറങ്ങാന്‍ കിട്ടുന്ന നാലോ
അഞ്ചോ മണിക്കൂര്‍ മാത്രമാണ് പലര്‍ക്കും ജോലിയില്ലാത്ത സമയം. അറബ് ലേബര്‍
നിയമത്തില്‍പ്പോലും ഉള്‍പ്പെടാതെ, അടിമകളെപ്പോലെ അറബ് വീടിന്റെ കനത്ത
മതില്‍ക്കെട്ടിനുള്ളില്‍ ജീവിക്കുന്ന നിരവധി പേരുണ്ട്. ശാരീരകവും
മാനസികവുമായ പീഡനമനുഭവിച്ച് ജീവിക്കുന്ന ആ സഹോദരിമാരുടെ ദൈന്യതയാര്‍ന്ന
ജീവിതമായിരുന്നു ഗദ്ദാമ വരച്ചുകാട്ടേണ്ടിയിരുന്നത്. ഇന്ത്യന്‍
ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാനും ലോകജനതയുടെ മനസ്സില്‍ ഈ
തൊഴില്‍സമൂഹത്തിന്റെ വേവലാതികള്‍ ചെന്നെത്താനും ഗദ്ദാമ എന്ന ചിത്രം
കാരണമാവേണ്ടിയിരുന്നു. ലോകത്തിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക്
ഏറ്റെടുത്തു നടത്താവുന്ന നല്ലൊരു പ്രമേയത്തെ കുടുസ്സായ അറബ് വിരോധത്തില്‍
തളച്ചിട്ട്, മലബാറിലെ ഹോംസിനിമകളുടെ നിലവാരത്തേക്കാളും താഴ്ന്നുപോയി
ഗദ്ദാമ.

പതിറ്റാണ്ടുകളായി സൗദിയില്‍ പ്രവാസജീവിതം നയിക്കുന്ന കെ.യു. ഇഖ്ബാല്‍ എന്ന
പത്രപ്രവര്‍ത്തകന്റേതാണ് ഗദ്ദാമയുടെ കഥ. കമല്‍ തിരക്കഥയും കെ.
ഗിരീഷ്‌കുമാര്‍ സംഭാഷണവും നിര്‍വഹിച്ച ഗദ്ദാമയില്‍ പറഞ്ഞവിധമുള്ള ഒരു
അറബ്‌സമൂഹത്തെ ഇഖ്ബാല്‍ നാളിതുവരെയുള്ള സൗദിജീവിതത്തില്‍ കണ്ടിട്ടുണേ്ടാ?
ജയില്‍വാര്‍ഡനായ അറബിസ്ത്രീ പോലും പരുക്കനായാണ് ചിത്രത്തില്‍
പെരുമാറുന്നത്. എന്നാല്‍, യഥാര്‍ഥ അറബ് പോലിസുകാര്‍ സലാം പറഞ്ഞ്
ക്ഷേമാന്വേഷണം നടത്തിയാണ് കുറ്റവാളികളോടുപോലും പെരുമാറുകയെന്ന്
ഒരിക്കലെങ്കിലും അറബ് രാജ്യത്തെ പോലിസ് സ്റ്റേഷന്‍ കയറിയ
ഏതൊരാള്‍ക്കുമറിയാവുന്നതാണ്. അറബ് സംസ്‌കാരത്തിനും ജനതയ്ക്കും നേരെ
ഇത്തരത്തില്‍ അസത്യങ്ങളെഴുന്നള്ളിച്ച് കമല്‍ ആരുടെ കൈയടിയാണ്
പ്രതീക്ഷിക്കുന്നത്? അറബ് ജനതയുടെ കാരുണ്യത്തിന്റെ പങ്കുപറ്റിയാണ് കേരളവും
കേരളീയരും ഇന്നു ജീവിക്കുന്നത്. എല്ലാ അറബികളും നല്ലവരാണെന്നോ
അശ്വതിയെപ്പോലെ ദുരിതം പേറുന്ന ഗദ്ദാമമാരില്ലെന്നോ ഈയുള്ളവന്
അഭിപ്രായമില്ല. പക്ഷേ, കമല്‍ പറഞ്ഞപോലെ അറബികളെല്ലാം സ്ത്രീലമ്പടന്മാരും
ക്രൂരന്മാരുമാണെന്ന് ഒരുതവണയെങ്കിലും മരുഭൂമിയില്‍ കാലുകുത്തിയ ഒരു
മലയാളിക്കും അഭിപ്രായമുണ്ടാവുമെന്നു തോന്നുന്നില്ല.

അറബ് രാജ്യത്ത് തന്നെ ചിത്രീകരിച്ച ഗദ്ദാമ ഉയര്‍ത്തുന്ന സന്ദേശം ഏറെ
അപകടകരമാണ്. തിന്നും കുടിച്ചും സുഖിച്ചും ജീവിക്കുന്ന മനസ്സിനും
ശരീരത്തിനും ദുര്‍മേദസ്സ് പിടിപെട്ടവരായാണ് അറബികളെ
ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം ആളുകളുണ്ടാവാം ഏതു സമൂഹത്തിലും!
സൗമ്യയെന്ന പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്നു തള്ളിയിട്ടു ക്രൂരമായി
പീഡിപ്പിച്ച ഗോവിന്ദച്ചാമിയെന്ന തമിഴനെ മുന്‍നിര്‍ത്തി
തമിഴ്‌നാട്ടുകാരെല്ലാം ഇത്തരക്കാരെന്നു കമല്‍ പറയുമോ?
ചിത്രത്തിലൊരിടത്തെങ്കിലും മനുഷ്യസ്‌നേഹികളായ അറബികളെ ചേര്‍ക്കാമായിരുന്നു.
അരനൂറ്റാണ്ടിലേറെ കാലമായി അന്നവും അഭയവും തന്ന് മലയാളിയെ പോറ്റിവളര്‍ത്തിയ
ജനതയ്ക്കു കമല്‍ മലയാള സിനിമയിലൂടെ നല്‍കിയ ഉപഹാരം ബഹുഭേഷായിട്ടുണ്ട്.
ഈവിധം തന്നെ വേണം ഉണ്ട ചോറിനു നന്ദി കാണിക്കാന്‍.

ഈ ചിത്രം ചര്‍ച്ചചെയ്യപ്പെടേണ്ടിയിരുന്നത് ഗദ്ദാമമാരുടെ
ജീവിതമായിരുന്നു. പക്ഷേ, ചര്‍ച്ചയാവുന്നത് അറബികളുടെ ക്രൂരതയാണെന്ന്
മാത്രം. അശ്വതിയെന്ന ഇരയുടെ അഭിനയമികവിനുവേണ്ടി കമല്‍ ഒരുക്കിയ
തിരക്കഥാരൂപം ഒരു സംസ്‌കാരത്തിന്റെമേലുള്ള കടന്നാക്രമണമായിപ്പോയി. അറബികള്‍
ആട് ഫാമില്‍ നമസ്‌കരിക്കുമ്പോഴാണ് മലയാളിയായ ആട്ടിടയന്‍ അശ്വതിയെ
രക്ഷപ്പെടുത്തുന്നത്. നമസ്‌കാരം കഴിഞ്ഞശേഷം വ്യഭിചരിക്കാനാണ് അവരുടെ
പദ്ധതിയെന്ന് ബോദ്ധ്യമാവുന്ന രീതിയിലാണ് ചിത്രീകരണം. ഒരേ സമയം മതാചാരങ്ങള്‍
പാലിക്കുകയും ധാര്‍മികതയ്ക്കു നിരക്കാത്ത പ്രവൃത്തികള്‍ നിര്‍വഹിക്കുകയും
ചെയ്യുന്നവരാണ് അറബിക(മുസ്‌ലികളും)ളെന്ന് വരുത്താനുള്ള ശ്രമം.
വേട്ടക്കാരന്റെ വേലത്തരങ്ങള്‍ പൊലിപ്പിച്ചെങ്കിലേ ഗദ്ദാമയെന്ന ഇരയ്ക്ക്
പ്രാധാന്യം കൈവരുകയുള്ളൂവെന്ന് കമലിനറിയാം. പക്ഷേ, വേട്ടക്കാരന്‍ മറ്റൊരു
രാജ്യവും അവിടത്തെ പൗരന്മാരുമാണെന്ന ബോധത്തില്‍ അല്‍പ്പം
മാന്യതയാവാമായിരുന്നു.

വിധവകളും നിരാലംബരുമായ ആയിരക്കണക്കിനു മലയാളിപ്പെണ്ണുങ്ങള്‍ അറബ്
രാജ്യത്തേക്ക് വിമാനം കയറിയാണ് തങ്ങളുടെ അടുപ്പില്‍ തീ പടര്‍ത്തിയത്.
മക്കളെ കെട്ടിച്ചയച്ചും വീടുണ്ടാക്കിയും പഠിപ്പിച്ചും മാതാപിതാക്കളെ
സംരക്ഷിച്ചും ജീവിക്കുന്ന ഈ ഗദ്ദാമമാര്‍ക്ക് ഇന്ത്യന്‍ ഭരണകൂടം ഒരു
സൗകര്യവും പരിഗണനയും നല്‍കുന്നില്ല. കനത്ത തുക ഏജന്റിന് നല്‍കി
ദുരിതക്കടലിലേക്ക് നീന്തുന്ന ആ സഹോദരിമാര്‍ക്ക് അതതു നാട്ടിലെ ഇന്ത്യന്‍
എംബസികളും വേണ്ടതൊന്നും ചെയ്യുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങളിലെ ഹൗസ്
മെയ്ഡുമാര്‍ക്കുള്ള സൗകര്യങ്ങളുടെ പത്തിലൊന്ന് അറബ് രാജ്യത്ത്
ഇവര്‍ക്കില്ല. ഇത്തരം പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ പരാമര്‍ശിക്കുകപോലും
ചെയ്യാതെ അറബിയെന്ന വേട്ടക്കാരന്റെ പിന്നാലെ പോയ കമല്‍ ഗദ്ദാമയെന്ന
വിലാപകാവ്യത്തെ വക്രിച്ചുകളഞ്ഞു.

മതം, രാഷ്ട്രം, ജനത, നിയമം, നിയമപാലകര്‍ എന്നുവേണ്ട ഒരു രാജ്യത്തിന്റെ
സകലതിനെയും കമല്‍ പരിഹസിക്കുന്നുണ്ട് ചിത്രത്തില്‍. ഏതൊരു
രാജ്യത്തെക്കുറിച്ചായാലും ഇതു കടന്ന കൈയായിപ്പോയി. കമല്‍ എന്ന
മലയാളത്തിന്റെ പ്രിയസംവിധായകന്‍ പ്രവാസിപ്രശ്‌നങ്ങളിലിടപെട്ടില്ലെങ്കിലും വേണ്ട കിട്ടുന്ന ചോറില്‍ മണല്‍ വാരിയിടാതിരുന്നാല്‍ മതി.




No comments: