``അല്ലാഹുവിന്റെ
കോപം നിമിത്തം അല്ലാഹു അവരെ ശപിച്ചു, അല്ലാഹുവിന്റെ ശിക്ഷ അവരുടെ മേല്‍
ഭവിച്ചു, അല്ലാഹു അവര്‍ക്ക് മാപ്പ് കൊടുത്തു'' എന്നൊക്കെ ഖുര്‍ആന്‍
പരിചയപ്പെടുത്തുന്ന ദൈവത്തിന്റെ സ്വഭാവങ്ങളാണ്. കോപം, ക്രോധം, ദയ,
കാരുണ്യം, സ്‌നേഹം, കനിവ്... എന്നീ മനുഷ്യവികാരങ്ങള്‍
ദൈവത്തിനുമുണ്ടെന്ന് ഇതില്‍ നിന്ന് വെളിപ്പെടുന്നു. ഇങ്ങനെ പെട്ടെന്നുള്ള
കോപവും ശാപവും, പിന്നീട് മനസ്സലിഞ്ഞ് ദയ കാണിക്കലും കേവലം
മനുഷ്യദൗര്‍ബല്യങ്ങളല്ലേ? അത് സ്രഷ്‌ടാവിന്റെ പൂര്‍ണതയ്‌ക്ക് എതിരല്ലേ?
തന്റെ മഹത്വം ഉരുവിടാനും തന്നെ മാത്രം പ്രകീര്‍ത്തിച്ച് ആരാധിക്കാനും
വേണ്ടി മാലാഖമാരെയും മനുഷ്യരെയും സൃഷ്‌ടിച്ച് ദൈവം ആരോടാണ് തന്റെ മേന്മ
കാണിച്ച് മത്സരിക്കാന്‍ ശ്രമിക്കുന്നത്? തന്റെ തന്നെ സൃഷ്‌ടിയായ
പിശാചിനോടോ അതോ ദൈവത്തിന് മത്സരിക്കാന്‍ മറ്റാരെങ്കിലുമുണ്ടോ?
-നിരീശ്വരവാദിയായ ഒരു അധ്യാപകന്റെ സംശയങ്ങളാണിത്. ഇതിനോട് മുസ്‌ലിം
എങ്ങനെ പ്രതികരിക്കുന്നു?
ബി എസ് കരിയാട്, തലശ്ശേരി
അല്ലാഹു ഇല്ലേയില്ല എന്ന് സര്‍വ കഴിവും ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന നിരീശ്വരവാദികളാണ്, ഇപ്പോള്‍ അല്ലാഹു ഉണ്ടെങ്കില്‍ ഒരിക്കലും ആരെയും ശിക്ഷിക്കാത്ത ഫുള്‍ടൈം കാരുണികന്‍ തന്നെയായിരിക്കണമെന്ന് ശഠിക്കുന്നത്. ഒരു അസ്‌തിത്വം നിലനില്‍ക്കുന്നേയില്ലെന്ന് ഉറപ്പിച്ചുവെച്ചതിനു ശേഷം അതിന്റെ ഗുണങ്ങളെ സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നത് തനിച്ച അസംബന്ധമാണ്. അല്ലാഹുവെ തള്ളിപ്പറയുന്ന ആള്‍ക്ക് അല്ലാഹുവിന്റെ ഗുണഗണങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടതില്ല എന്ന വശം മാറ്റിനിര്‍ത്തിയാലും ഈ അധ്യാപകന്റെ അജ്ഞത ഏറെ പ്രകടമാണ്.
യുക്തിവാദിയും അധ്യാപകനുമാണെങ്കിലും മനുഷ്യനെ സംബന്ധിച്ച് ഇയാള്‍ക്ക് അടിസ്ഥാനപരമായ ധാരണയില്ല. കോപം, ക്രോധം, ദയ, കരുണ, സ്‌നേഹം, കനിവ് എന്നീ വികാരങ്ങളൊന്നും യഥാര്‍ഥത്തില്‍ മനുഷ്യന്റെ ദൗര്‍ബല്യമല്ല എന്നതാണ് സത്യം. നിരപരാധിനിയായ ഒരു ചെറുപ്പക്കാരിയെ ഓടുന്ന തീവണ്ടിയില്‍ നിന്ന് വീഴ്‌ത്തി ലൈംഗികമായി പീഡിപ്പിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്‌ത കൊടുംക്രൂരതയ്‌ക്ക് നേരെ എത്രയോ നല്ല മനുഷ്യര്‍ കോപവും ക്രോധവും പ്രകടിപ്പിച്ചത് നാം മാധ്യമങ്ങളില്‍ വായിച്ചു. ഇത് അവരുടെ ദൗര്‍ബല്യമല്ല, കരുത്താണ്. വ്യക്തി-കുടുംബ-സമൂഹ ജീവിതരംഗങ്ങളില്‍ സുരക്ഷയും ഭദ്രതയും നിലനില്‍ക്കണമെങ്കില്‍ മനുഷ്യത്വം കയ്യേറ്റം ചെയ്യപ്പെടുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ രോഷവും ക്രോധവും പ്രകടിപ്പിക്കുക അനിവാര്യമാണ്. ലോകത്ത് എന്തൊക്കെ അക്രമങ്ങള്‍ നടന്നാലും തികഞ്ഞ നിസ്സംഗതയോടെ, ആട്ടുകല്ലിന് കാറ്റുപിടിച്ചതു പോലെ ഇരിക്കുന്നവര്‍ എത്ര വലിയ ബുദ്ധിമാന്മാരാണെങ്കിലും യഥാര്‍ഥത്തില്‍ ബുദ്ദൂസുകളാണ്.
കോപവും
ക്രോധവും ചിലപ്പോള്‍ ആത്മാര്‍ഥമായ സ്‌നേഹത്തിന്റെ തന്നെ അനിവാര്യ
താല്‌പര്യമായി ഭവിക്കും. തന്റെ മകനോ മകളോ കടുത്ത ദുസ്സ്വഭാവങ്ങളിലേക്കോ,
ദുശ്ശീലങ്ങളിലോക്കോ വഴുതിപ്പോകുന്നതായി സ്‌നേഹമുള്ള പിതാവോ, മാതാവോ
മനസ്സിലാക്കിയാല്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും താല്‌പര്യം
നിറവേറ്റുന്നത് ക്രോധവും രോഷവും പ്രകടിപ്പിക്കുന്നതിലൂടെയായിരി
മുകളില്‍ പറഞ്ഞ ഏത് വികാരവും ദൗര്‍ബല്യമായി പരിണമിക്കുന്നത് അത് അന്യായമായും അനുചിതമായും പ്രകടിപ്പിക്കുമ്പോഴായിരിക്കും. ശരിയായ മാര്‍ഗദര്‍ശനം ലഭിക്കാത്തവരും അശിക്ഷിതരുമായ ആളുകള്‍ സ്‌നേഹമോ രോഷമോ പ്രകടിപ്പിക്കുന്നത് അനുചിതമായ രീതിയിലും അനുയോജ്യമല്ലാത്ത സന്ദര്‍ഭത്തിലും ആകാനിടയുണ്ട്. രക്ഷാകര്‍തൃത്വത്തിന്റെ ബാധ്യതകളെ സംബന്ധിച്ച് ശരിയായ അവബോധമില്ലാത്ത രക്ഷിതാക്കള്‍ ഒന്നുകില്‍ കുട്ടികളെ അമിതമായി ലാളിച്ചു വഷളാക്കുകയോ അല്ലെങ്കില്‍ കഠിനമായി ശിക്ഷിച്ച് കടുത്ത വെറുപ്പുളവാക്കുകയോ ചെയ്യുന്നു. പാശ്ചാത്യ രക്ഷിതാക്കളില്‍ ചിലര്‍ കൗമാരത്തിന്റെ ആരംഭത്തില്‍ തന്നെ ബോയ്‌ഫ്രണ്ടിനെയോ ഗേള്‍ഫ്രണ്ടിനെയോ കണ്ടെത്താന്‍ കുട്ടികളെ പ്രേരിപ്പിക്കാറുണ്ടത്രെ! തങ്ങളുടെ കുട്ടിക്ക് ബോയ്/ഗേള്‍ ഫ്രണ്ടിനെ കിട്ടാത്ത പക്ഷം ചില രക്ഷിതാക്കള്‍ ഉത്‌കണ്‌ഠാകുലരാകാറുണ്ടെന്നും ചില ലേഖനങ്ങളില്‍ വായിക്കാന്‍ കഴിഞ്ഞു. ശൈശവ വിവാഹം പ്രാകൃത ആചാരമാണെന്ന് ഉറപ്പായി വിശ്വസിക്കുന്ന പാശ്ചാത്യര്‍ കൗമാരക്കാരായ ഫ്രണ്ട്‌സിന്റെ സഹശയനം പ്രോത്സാഹിപ്പിക്കേണ്ട സൗഹൃദമായിട്ടാണ് വീക്ഷിക്കുന്നത്. യുക്തിവാദികള്‍ക്ക് പോലും ഇതിലൊക്കെ ഏതാണ് ദൗര്‍ബല്യം, ഏതാണ് പ്രബലമായ നിലപാട് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.
സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹു മനുഷ്യരുടെയും ജന്തുക്കളുടെയും ഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വികാരങ്ങളെല്ലാം ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍, ഒരു സന്ദര്‍ഭത്തിലല്ലെങ്കില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ അവരുടെ നിലനില്‍പിനും കെട്ടുറപ്പിനും അനുപേക്ഷ്യമായിട്ടുള്ളതാണ്. നവജാതശിശുവും മാതാവും തമ്മിലുള്ള വൈകാരിക ദൃഢബദ്ധത ഇരുവര്‍ക്കും ആത്മീയ-മാനസിക-ശാരീരിക തലങ്ങളില്‍ തികഞ്ഞ സുരക്ഷയ്‌ക്ക് വഴിയൊരുക്കുന്നു. ഈ വികാരങ്ങളുടെ ദാതാവായ അല്ലാഹുവിന് യാതൊരു ദൗര്‍ബല്യവുമില്ല. അവകൊണ്ട് അനുഗൃഹീതരായ സൃഷ്‌ടികള്‍ക്ക് വല്ലപ്പോഴും അവ ദൗര്‍ബല്യത്തിന് കാരണമാകുന്നെങ്കില്‍ അതവരുടെ കുറ്റം കൊണ്ട് തന്നെയായിരിക്കും.
അല്ലാഹുവിന് ആരോടും മത്സരിക്കേണ്ട ആവശ്യമില്ല. ഒരു പ്രതിയോഗിയുണ്ടെങ്കിലല്ലേ മത്സരം വേണ്ടി വരുന്നുള്ളൂ. പ്രപഞ്ചമോ അതിലെ സ്ഥൂലവും സൂക്ഷ്‌മവുമായ പ്രതിഭാസങ്ങളോ സംവിധാനിച്ചത് താനാണെന്ന് അവകാശപ്പെട്ടുകൊണ്ട് ആരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ലല്ലോ. എന്നാല്‍ ദുര്‍ബലനും ഒട്ടൊക്കെ നിസ്സഹായനുമായ മനുഷ്യന് അല്ലാഹുവിന്റെ അപാരമായ കാരുണ്യമില്ലെങ്കില്‍ നിലനില്‍ക്കാന്‍ കഴിയില്ല എന്നതിനാല്‍ അല്ലാഹു കാരുണ്യം ഒരു ബാധ്യതയായി സ്വയം ഏറ്റെടുത്തിരിക്കുന്നു. ``നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ നീ പറയുക: നിങ്ങള്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ. നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്റെ മേല്‍ (ബാധ്യതയായി) രേഖപ്പെടുത്തിയിരിക്കുന്നു. അതായത് നിങ്ങളില്‍ ആരെങ്കിലും അവിവേകത്താല്‍ വല്ല തിന്മയും ചെയ്‌തു പോവുകയും എന്നിട്ട് അതിനു ശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുകയാണെങ്കില്‍ അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (വി.ഖു 6:54). കുറ്റബോധവും നഷ്‌ടബോധവും കൊണ്ട് വിഷമിക്കുന്ന മനുഷ്യര്‍ക്ക് ദിവ്യകാരുണ്യത്തെ സംബന്ധിച്ച ഈ സന്തോഷവാര്‍ത്തയെക്കാള്‍ ആശ്വാസദായകമായി മറ്റെന്താണുള്ളത്?
മനുഷ്യരോ മറ്റു സൃഷ്‌ടികളോ അല്ലാഹുവിന്റെ മഹത്വം ഉരുവിട്ടാല്‍ അവന് യാതൊരു നേട്ടവും കൈവരാനില്ല. എന്നാല്‍ അവനെ അനുസ്‌മരിക്കുകയും പ്രകീര്‍ത്തിക്കുകയും അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് തികഞ്ഞ സമാധാനവും സംതൃപ്‌തിയും അനുഭവിക്കാന്‍ കഴിയും. അവന്റെ മാര്‍ഗദര്‍ശനം മാനിച്ച് ദുഷ്‌പ്രവൃത്തികള്‍ വര്‍ജിക്കുന്നവര്‍ക്ക് പലവിധ കഷ്‌ടനഷ്‌ടങ്ങള്‍ ഒഴിവായിക്കിട്ടുകയും ചെയ്യും. യഥാര്‍ഥ വിശ്വാസികളുടെ ജീവിതം നിരീക്ഷിക്കുന്നവര്‍ക്ക് ഈ കാര്യം വ്യക്തമായി ഗ്രഹിക്കാം.
No comments:
Post a Comment