Friday, November 13, 2015

മുസ്‌ലിം ഭരണാധികാരികള്‍ മതേതരര്‍ ആയിരുന്നു, ഔറംഗസീബും: കട്ജു

ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവുമധികം വിമര്‍ശന വിധേയരായ ഭരണാധികാരികളിലൊരാളാണ് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ്. തീവ്ര മതവിശ്വാസിയായിരുന്ന അദ്ദേഹം മതഭ്രാന്തനും അന്യമത വിരോധിയുമാണെന്ന് ഒരുവിഭാഗം ചരിത്രകാരന്മാര്‍ വാദിക്കുന്നു. എന്നാല്‍ മറ്റൊരു വിഭാഗമാകട്ടെ, മറ്റ് ചക്രവര്‍ത്തിമാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായി, ഖജനാവിലെ പണം സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി തൊടുക പോലും ചെയ്യാതെ, തൊപ്പി തുന്നിയും ഖുര്‍ആന്‍ എഴുതിയുമാണ് ഔറംഗസീബ് ജീവിതവൃത്തി കഴിച്ചിരുന്നതെന്നും പ്രജകള്‍ക്കിടയില്‍ അദ്ദേഹം നീതി പുലര്‍ത്തിയിരുന്നു എന്നും പറയുന്നു. ഖജനാവ് ധൂര്‍ത്തടിച്ച് മന്ദിരങ്ങള്‍ കെട്ടിപ്പൊക്കിയതിന് സ്വന്തം പിതാവായ ഷാജഹാനെ തന്നെ തടവിലിട്ട ഔറംഗസീബിന്റെ നടപടി വിമര്‍ശിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
 
ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള ഔറംഗസീബിനെക്കുറിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. ഔറംഗസീബിനെപ്പറ്റിയുള്ള അനുകൂലവും പ്രതികൂലവുമായ വിശദീകരണങ്ങള്‍ തന്റെ നിരീക്ഷണ, പഠനങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം.
 
പോസ്റ്റിന്റെ പൂര്‍ണ രൂപം:
 
 
ഔറംഗസീബ്
 
ഇന്ത്യയിലെ ഏതാണ്ടെല്ലാ മുസ്ലിം ഭരണാധികാരികളും മതേതരര്‍ ആയിരുന്നു. തങ്ങളുടെ ഭരണീയരില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നതിനാല്‍ അങ്ങനെയാവുക എന്നത് അവരുടെ താല്‍പര്യവുമായിരുന്നു. കാരണം, അവര്‍ ഹിന്ദുക്കളെ പീഡിപ്പിച്ചിരുന്നെങ്കില്‍ കലാപങ്ങളും അശാന്തിയും സ്ഥിരമായി ഉണ്ടാകുമായിരുന്നു. ഒരു ഭരണാധികാരിയും അത് ആഗ്രഹിക്കുകയില്ല.
 
മുഗളന്മാര്‍, അവധിലെയും മുര്‍ഷിദാബാദിലെയും നവാബുമാര്‍, ടിപ്പു സുല്‍ത്താന്‍, ഹൈദരാബാദിലെ നൈസാം തുടങ്ങി അവരില്‍ മിക്കവരും അടിയുറച്ച മതേതരര്‍ ആയിരുന്നു. ഉദാഹരണത്തിന്, അവധിലെ നവാബുമാര്‍ ഹോളിയും ദസറയും ദീപാവലിയും ആഘോഷിച്ചിരുന്നു, രാംലീല തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു, എല്ലാ മതങ്ങള്‍ക്കും ബഹുമാനം നല്‍കിയിരുന്നു. ടിപ്പു സുല്‍ത്താന്‍ 156 ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് വാര്‍ഷിക ഗ്രാന്റ് നല്‍കിയിരുന്നു. (ബി.എന്‍ പാണ്ഡെയുടെ History in the Service of Imperialism കാണുക.)
 
അക്ബര്‍ എല്ലാ മതങ്ങളിലെയും ആളുകളെ പങ്കെടുപ്പിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു, അവരെ ബഹുമാനിച്ചിരുന്നു. (ഹിംസ വിരോധക് സംഘും മിര്‍സാപൂര്‍ മോഠി കൊറേഷ് ജമാഅത്തും തമ്മിലുള്ള കേസിലെ എന്റെ വിധിന്യായവും ‘അക്ബര്‍ നാമ’യും കാണുക). എല്ലാ മതങ്ങളോടും സഹിഷ്ണുത പുലര്‍ത്തുന്ന സുലഹ് ഏ കുല്‍ എന്ന നയമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ മകന്‍ ജഹാംഗീര്‍ ഹിന്ദു സാധു ജാദ്‌രൂപിനെ കാണുകയും സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. (ജഹാംഗീര്‍നാമ കാണുക.)
 
വിവാദം ഔറംഗസേബിനെക്കുറിച്ചാണ്. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെയും അലഹാബാദ് യൂണിവേഴ്‌സിറ്റിയിലെയും നിരവധി ചരിത്ര പ്രൊഫസര്‍മാരോട് അദ്ദേഹത്തെക്കുറിച്ച് ഞാന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. വിചിത്രമെന്ന് പറയട്ടെ, അലിഗഡിലെ പ്രൊഫസര്‍മാര്‍ – അവര്‍ മുസ്‌ലിംകളാണ് – ഔറംഗസീബിനെ വര്‍ഗീയവാദിയായാണ് ഗണിക്കുന്നത്. അതേസമയം, അലഹാബാദ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാര്‍ – ഹിന്ദുക്കള്‍ – അദ്ദേഹത്തെ സെക്യുലര്‍ ആയും കാണുന്നു. ഏതാണ് ശരിയായ നിരീക്ഷണം?
 
കൂടുതല്‍ ഗവേഷണം നടക്കേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം.
 
ഔറംഗസീബിന്റെ കാലത്ത് നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ഗ്രാന്റ് നല്‍കിയതായി തെളിവുകളുണ്ട്. ഉജ്ജയ്‌നിലെ മഹാകാല്‍ ക്ഷേത്രം, ചിത്രകൂട് ക്ഷേത്രം തുടങ്ങിയവ. (അലഹാബാദ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസറും ഒറീസ ഗവര്‍ണറുമായിരുന്ന ഡോ. പി.എന്‍ പാണ്ഡെ രാജ്യസഭയില്‍ നടത്തിയ History in the Service of Imperialism എന്ന പ്രസംഗം കാണുക). ഔറംഗസബ് ഭരണകൂടം ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നല്‍കിയ ഗ്രാന്റുകളുടെ വിശദാംശങ്ങളുണ്ട്. ഔറംഗസീബിന്റെ സൈന്യത്തിലെ രാജാ ജയ്‌സിങ് അടക്കമുള്ള പല കമാന്‍ഡര്‍മാരും ഹിന്ദുക്കളായിരുന്നു.
 
കുറച്ചുനാള്‍ മുമ്പ് ഞാന്‍ ബിക്കാനീറിലുണ്ടായിരുന്നു. മഹാരാജാവിന്റെ ക്ഷേത്രത്തിന്റെ ഒരു ഭാഗം മ്യൂസിയമാണിപ്പോള്‍. മ്യൂസിയം സന്ദര്‍ശിക്കുന്നതിനിടെ ഔറംഗസീബ് ബിക്കാനീറിലെ പുതിയ മഹാരാജാവിന് അയച്ച കത്ത് ഞാന്‍ കാണുകയുണ്ടായി. പിതാവിന്റെ മരണാനന്തരം ചെറുപ്രായക്കാരനായ മകന്‍ ഭരണം ഏറ്റെടുക്കുകയായിരുന്നു. യുവരാജാവിനെ സാന്ത്വനിപ്പിച്ചുകൊണ്ടുള്ള ഔറംഗസീബിന്റെ കത്തില്‍, പിതാവിന്റെ മരണത്തിന്റെ നഷ്ടം തനിക്കറിയാമെന്ന് പറയുന്നുണ്ട്. ഔറംഗസീബിനെ സ്വന്തം പിതാവായി കരുതണമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തന്നെ അറിയിക്കണമെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
 
എല്ലാ ഹിന്ദുക്കളെയും വെറുക്കുന്നയാളായിരുന്നു ഔറംഗസീബ് എങ്കില്‍ അദ്ദേഹം അങ്ങനെയൊരു കത്ത് എഴുതുമായിരുന്നോ?
 
അതേസമയം, തന്റെ പൂര്‍വ പിതാമഹനായ അക്ബര്‍ എടുത്തുകളഞ്ഞിരുന്ന ഹിന്ദുക്കള്‍ക്കു മേലുള്ള ജിസ് യ (നികുതി) ഔറംഗസീബ് പുനഃസ്ഥാപിച്ചു എന്ന കാര്യം നിഷേധിക്കാന്‍ കഴിയില്ല. ഇക്കാര്യം ഞാന്‍ അലബാദാബിലെ പ്രൊഫസര്‍മാരോട് ചൂണ്ടിക്കാണിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, യുദ്ധാവശ്യങ്ങള്‍ക്കായി ഔറംഗസീബിന് പണം ആവശ്യമായിരുന്നു എന്നാണ്. ഔറംഗസീബിന് യുദ്ധത്തിന് പണം ആവശ്യമായിരുന്നെങ്കില്‍ എല്ലാവര്‍ക്കും നികുതി ഏര്‍പ്പെടുത്തുകയല്ലേ ചെയ്യേണ്ടിയിരുന്നത്?
 
യഥാര്‍ത്ഥ കാശി വിശ്വനാഥ ക്ഷേത്രം അടക്കമുള്ള നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തു എന്നതാണ് അദ്ദേഹത്തിനെതിരായ കുറ്റം. 18-ാം നൂറ്റാണ്ടില്‍ മഹാറാണി അഹല്യാബായ് ഹോള്‍കര്‍ നിര്‍മിച്ച, നിലവിലുള്ള കാശി ക്ഷേത്രത്തിന്റെ തൊട്ടടുത്ത് നില്‍ക്കുന്ന ജ്ഞാന്‍വാപി മസ്ജിദ് പഴയ കാശി ക്ഷേത്രമാണ്. ജ്ഞാന്‍വാപി മസ്ജിദിന്റെ പിന്‍ഭാഗത്തെ ചുവരുകളില്‍ ഹിന്ദു ശില്പവേലകളുണ്ട്. അത് വളരെ വ്യക്തവുമാണ്.
 
അപ്പോള്‍ ഏതാണ് യഥാര്‍ത്ഥ ഔറംഗസീബ്?
 
ഈ രണ്ടിന്റെയും ഇടയിലായിരുന്നു അദ്ദേഹം എന്നാണ് എന്റെ നിരീക്ഷണം. പക്ഷേ, കൂടുതല്‍ ഗവേഷണം ആവശ്യമാണ്. സ്വന്തം ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി തൊപ്പി തുന്നിയിരുന്നെങ്കിലും, സ്വന്തം പൂര്‍വികന്മാരുടെ നയങ്ങളില്‍ നിന്നു വ്യത്യസ്തമായ മതഭ്രാന്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ഇതുകൊണ്ടാണ് നിരവധി രജപുത്രരെയും മറാഠകളെയും സിഖുകളെയും അദ്ദേഹം ശത്രുക്കളാക്കിത്തീര്‍ത്തത്. മുഗള്‍ സാമ്രാജ്യത്തിന്റെ അന്ത്യം വേഗത്തിലാക്കാന്‍ ഇത് കാരണമായി.
 
 
1707-ലെ അദ്ദേഹത്തിന്റെ മരണശേഷം മുഗള്‍ സാമ്രാജ്യത്തിന്റെ വ്യാപ്തി ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും മാത്രമായി ഒതുങ്ങി. (സല്‍ത്തനത്തെ ഷാഹ് ആലം, അസ് ദില്ലി താ പലം)
 
ഔറംഗസീബ് പൂര്‍ണമായും സത്യസന്ധനായിരുന്നുവെങ്കിലും (തൊപ്പി തുന്നിയാണ് അദ്ദേഹം ജീവിതവൃത്തി കഴിച്ചിരുന്നത്), എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സഹിഷ്ണുതാപരവും ഇണക്കമുള്ളതുമായ അക്ബറിന്റെ നയമായിരുന്നില്ല അദ്ദേഹത്തിന്റേത്. ഇന്ത്യ വൈവിധ്യത്തിന്റെ നാടാണെന്ന് അക്ബറിനറിയാമായിരുന്നു. സഹിഷ്ണുതാപരവും ഇണക്കമുള്ളതുമായ നയം കൊണ്ടുമാത്രമേ സാമ്രാജ്യത്തെ നയിക്കാന്‍ കഴിയൂ എന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ് ഔറംഗസീബിന് ഇല്ലാതിരുന്നത്.
 
ഏതായാലും ഇത് എന്റെ താല്‍ക്കാലികമായ അഭിപ്രായമാണ്. വസ്തുതാപരമായ പഠനം വിദഗ്ധര്‍ നടത്തേണ്ടിയിരിക്കുന്നു.

No comments: